കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കാവനാട് ചിറയില്‍ പായലും ചണ്ടിയും നിറയുന്നു. വര്‍ഷങ്ങളോളം പുല്ലുമൂടി കിടന്ന കാവനാട് ചിറ അരക്കോടിയോളം ചെലവില്‍ ഏതാനു വര്‍ഷം മുമ്പ് നവീകരിച്ച ചിറയാണ് വീണ്ടും പുല്ലുമൂടി നശിക്കുന്നത്.
കൊടകര, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഒരേക്കറിലധികം വിസ്തൃതിയുള്ള കാവനാട് ചിറയുള്ളത്. കടുത്ത വേനല്‍ക്കാലത്തു പോലും ജലത്തിന്റെ നിറസമൃദ്ധിയുള്ള കാവനാട് ചിറ മേഖലയിലെ പ്രധാനജലസ്രോതസാണ്. ഈ ചിറയില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒരു കാലത്ത് മേഖലയില്‍ നെല്‍കൃഷി ചെയ്തുപോന്നിരുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള സംവിധാനവും ചിറയിലുണ്ട്. നെല്‍കൃഷി ചെയ്യുന്ന പാടങ്ങളുടെ വിസ്തൃതി കുറയുകയും പാടങ്ങള്‍ പലതും പറമ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തതോടെ ചിറയിലെ വെള്ളം ഉപയോഗിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞു. വര്‍ഷങ്ങളോളം പുല്ലും പായലും മൂടി നാശോന്മുഖമായി കിടന്ന ചിറ നബാര്‍ഡിന്റെ സഹായത്തോടെ കെ.എല്‍.ഡി.സിയാണ് നവീകരിച്ചത്. അരക്കോടി രൂപയോളമാണ് ഇതിനായി ചെലവഴിച്ചത്. 2019ല്‍ ആരംഭിച്ച ചിറയുടെ നവീകരണ പ്രവൃത്തി രണ്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വേനല്‍ക്കാലത്ത് മേഖലയിലെ കുളങ്ങളിലും കിണറുകളിലും ജലവിതാനം താഴാതെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്ന കാവനാട് ചിറയുടെ മുഖം ഏറെക്കാലത്തിനു ശേഷം തെളിഞ്ഞുകണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും പായലും പുല്ലും ചണ്ടിയും നിറഞ്ഞ് പുല്‍മൈതാനത്തിനു സമാനമായത് നാട്ടുകാരെ നിരാശപ്പെടുത്തുകയാണ്. ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും ചിറയിലെ പായലും ചണ്ടിയും നീക്കം ചെയ്ത് ചിറയെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






