nctv news pudukkad

മഴ മാറിനിന്നു, ചൂട് കൂടി; കേരളത്തിൽ കാലവർഷക്കുറവ് 25%

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25 ശതമാനം കുറവ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 1837.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്.

വയനാട്ടിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്. 52 ശതമാനമാണ് ഇവിടെ മഴ കുറഞ്ഞത്. ഇടുക്കിയിൽ 46 ശതമാനവും മഴക്കുറവുണ്ടായി. അതേസമയം കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കാര്യമായ മഴക്കുറവ് രേഖപ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. കൊല്ലം പുനലൂരിലും കോട്ടയത്തും ഇന്നലെയും ഉയർന്ന താപനില രേഖപ്പെടുത്തി. പുനലൂരിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

അതേസമയം വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *