nctv news pudukkad

എടമുട്ടത്ത് വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66-ന് സമീപം പ്രവർത്തിക്കുന്ന ഏരിയൻ ടൂൾസ് & കോംപോണന്റ്സ് സ്ഥാപനത്തിലാണ് വൻ തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായി. കോടികളുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രാത്രി 10 മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം സ്ഥാപനത്തിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ വലപ്പാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. മെറ്റീരിയൽ ഹാൻഡ്ലിംഗ് വ്യവസായ മേഖലയ്ക്ക് ആവശ്യമായ എഞ്ചിനീയറിംഗ് പിന്തുണയും യന്ത്രസാമഗ്രികളും ഘടകങ്ങളും നിർമ്മിക്കുന്ന സ്ഥാപനമാണ് ഏരിയൻ ടൂൾസ് ആൻഡ് കോംപോണന്റ്സ്. നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *