ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സോഷ്യൽ മീഡിയ നിറയെ കുഞ്ഞിക്കൃഷ്ണന്മാരുടെയും രാധമാരുടെയും ചിത്രങ്ങളായിരുന്നെങ്കിൽ, ഗുരുവായൂരിൽനിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് ഇത്തവണ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സുഗമമായി കടന്നുപോകാനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ, ഭക്തർക്ക് വഴി കാണിച്ചും സൗഹാർദ്ദപരമായി ഇടപെട്ടും കർത്തവ്യം നിർവഹിക്കുന്ന ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്.
വൈറലായ പൊലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന അന്വേഷണത്തിനൊടുവിൽ പാലക്കാട് കുറ്റനാട് സ്വദേശി അർജുനാണെന്ന് കണ്ടെത്തി. പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാറിന്റെ അനിയനാണ് അർജുൻ.
ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്ന പൊലീസ് ജോലി സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്ത അർജുന്റെ നേട്ടവും ശ്രദ്ധേയമാണ്. 35,000 ഉദ്യോഗാർഥികൾ പങ്കെടുത്ത പരീക്ഷയിൽ 35-ാം റാങ്ക് നേടിയാണ് അർജുൻ പൊലീസ് സേനയിലെത്തിയത്.
പരിശീലനത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച അർജുൻ 2025ൽ പരിശീലനം പൂർത്തിയാക്കി സേനയിൽ പ്രവേശിച്ചു. നിലവിൽ തൃശൂർ കെ.എ.പി രണ്ടാം ബറ്റാലിയനിലാണ് സേവനം അനുഷ്ഠിക്കുന്നത്.
യൂണിഫോമിലുള്ള അർജുന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. എന്നാൽ സമൂഹമാധ്യമങ്ങളിലെ ജനപ്രീതിയേക്കാൾ പ്രാധാന്യം നൽകുന്നത് ആഗ്രഹിച്ച് നേടിയ ജോലി ആത്മാർഥതയോടെ നിർവഹിക്കുന്നതിനാണെന്ന് അർജുൻ പറയുന്നു.






