nctv news pudukkad

കുറ്റിപ്പുറം ദേശീയപാത വീണ്ടും അപകടക്കെണി; അമിതവേഗവും അപകടസാധ്യതയും ചർച്ചയാക്കി ബസ് ദുരന്തം

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലെ അപകടസാധ്യത വീണ്ടും ചർച്ചയാക്കി സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടം. അപകടത്തിൽ കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ആകെ 26 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ‘ഡിഫെൻഡർ’ ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ഇറക്കമുള്ള ഭാഗത്ത് അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. മഴയെ തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ നിന്ന് തെറിച്ചുവീണ വൈഷ്ണവാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. സഹോദരൻ വൈശാഖിന് പരിക്കേറ്റിട്ടുണ്ട്. തൃശൂരിലേക്ക് ജോലിക്കായി പോകുന്നതിനിടെയായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസിന്റെ പിൻഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികളും രക്ഷപ്പെട്ട യാത്രക്കാരും പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, അപകടമേഖലയായ കുറ്റിപ്പുറം ദേശീയപാതയിലെ അശാസ്ത്രീയ റോഡ് നിർമാണവും സുരക്ഷാ വീഴ്ചകളും വീണ്ടും ചർച്ചയാകുകയാണ്. നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണിതെന്ന് വി.എസ്. ജോയ് എംഎൽഎ പറഞ്ഞു. റോഡിന്റെ രൂപകൽപ്പനയും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടിയന്തര അന്വേഷണം നടത്തുമെന്നും അറിയിച്ചു.

അമിതവേഗത്തിനൊപ്പം റോഡിന്റെ ഘടനയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്നത് ഉൾപ്പെടെ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവർ അന്വേഷണം നടത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *