nctv news pudukkad

കുറ്റിപ്പുറത്ത് ദേശീയപാതയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരുമരണം. തൃശ്ശൂർ സ്വദേശികൾ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ‘ഡിഫെൻഡർ’ ആണ് അപകടത്തില്‍പ്പെട്ടത്. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വിവരം. ഡിവൈഡറിൽ ഇടിച്ചതിനുശേഷമാണ് ബസ് മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. അപകടത്തിൽ കാറും തലകീഴായി മറിഞ്ഞിട്ടുണ്ട്. ഇതിലെ യാത്രക്കാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മരിച്ചയാളുടെ വിവരം ലഭ്യമായിട്ടില്ല. ബസ് മറിഞ്ഞപ്പോൾ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണാണ് ഇയാൾ മരിച്ചതെന്നാണ് വിവരം. പരുക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും ഹീൽഫോർട്ട് ആശുപത്രിയിലേക്കും മാറ്റി.

തലകീഴായി മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ പാടുപെട്ടു. ബസിൽ യാത്രക്കാർ നിറഞ്ഞിരുന്നതിനാൽ പരുക്കേറ്റവരുടെ എണ്ണം കൂടുതലാണ് എന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *