nctv news pudukkad

പാലപ്പിള്ളിയിൽ കാട്ടാനശല്യം രൂക്ഷം; ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ

പാലപ്പിള്ളി മേഖലയില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. വരിവരിയായി റോഡ് മുറിച്ചുകടക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികളും യാത്രക്കാരും ആശങ്കയിലാണ്. ചൊവ്വാഴ്ച രാവിലെ 7ന് പിള്ളത്തോട് പാലത്തിന് സമീപമാണ് സംഭവം.

36 തോട്ടത്തില്‍നിന്ന് പുതുക്കാട് തോട്ടത്തിലേക്ക് സഞ്ചരിച്ച കാട്ടാനക്കൂട്ടത്തിലാണ് കുട്ടിയാനയടക്കം ആറോളം ആനകള്‍ ഉണ്ടായിരുന്നത്. റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ വാഹനയാത്രികരാണ് പകര്‍ത്തിയത്. ആനകള്‍ കടന്നുപോകുന്നത് കണ്ട് നിരവധി വാഹനങ്ങള്‍ സുരക്ഷിത അകലം പാലിച്ച് നിര്‍ത്തിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. പ്രദേശത്തെ പ്രധാന യാത്രാമാര്‍ഗമായതിനാല്‍ ദിവസേന നൂറുകണക്കിന് വാഹനങ്ങളും തോട്ടം തൊഴിലാളികളും ഈ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലപ്പിള്ളി മേഖലയിലും സമീപ പ്രദേശങ്ങളിലുമായി കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. ജനവാസമേഖലയിലേക്ക് ആനകള്‍ കടക്കാതിരിക്കാന്‍ വനപാലകരും നാട്ടുകാരും പടക്കം പൊട്ടിച്ചും മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചും തിരിച്ചയക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശല്യത്തിന് ശാശ്വത പരിഹാരമായിട്ടില്ല. കാട്ടാനകള്‍ തോട്ടങ്ങളിലേക്ക് നിരന്തരം എത്തുന്നത് തൊഴിലാളികളുടെ ജോലി പോലും ബാധിക്കുന്ന സാഹചര്യമാണ്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും ജോലിക്ക് പോകുന്നവര്‍ വലിയ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും ഈ വഴിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി വനാതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ നിരീക്ഷണം ശക്തമാക്കുകയും, അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥിരം പട്രോളിംഗും ഏര്‍പ്പെടുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. കാട്ടാനശല്യത്തിന് അടിയന്തരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *