nctv news pudukkad

സൗന്ദര്യവർദ്ധക ശാലയിൽ മയക്കുമരുന്ന് കച്ചവടം; 30-കാരിയെ പൊക്കി ഡാൻസാഫ് സംഘം

തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ മാരക ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസ് പിടികൂടി. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയാണ് പൊലീസിന്റെ വലയിലായത്. ഇവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 2.270 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

തീരദേശ മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരമാണ് ഈ വൻ വേട്ടയ്ക്ക് വഴിത്തിരിവായത്. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ വെച്ചാണ് ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് ശ്രീലക്ഷ്മിയെ കുടുക്കിയത്. ലഹരി വിറ്റ വകയിൽ സമ്പാദിച്ച 90,500 രൂപയും, മരുന്ന് ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ച 50 ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും പൊലീസ് കണ്ടെടുത്തു. അതീവ ജാഗ്രതയോടെ വിശ്വസ്തരായ ഇടപാടുകാർക്ക് മാത്രമാണ് ഇവർ മയക്കുമരുന്ന് നൽകിയിരുന്നത്. ഇവർക്ക് ലഹരി എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. റൂറൽ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ സലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ മാത്യു എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വലപ്പാട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *