തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ, തൃശൂരിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 62.5 ലക്ഷം രൂപ പിടികൂടി. മുടിക്കോട് ദേശീയപാതയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കർണാടക കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് പണം കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പണം വലയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ ഉദയ ശങ്കർ എന്നയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
കർണാടകയിൽ വസ്തു വിറ്റ പണമാണിതെന്നാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് നൽകിയ പ്രാഥമിക മൊഴി. എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിട്ടില്ല.
തുടർ നടപടികൾക്കായി കേസ് ഉടൻ തന്നെ ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും പരിശോധനകൾ ഊർജിതമായി തുടരും.






