nctv news pudukkad

nctv news logo
nctv news logo

കുടുക്കിയത് ‘സുദർശന’; യു.കെ വിസ തട്ടിപ്പുകാരൻ ചെന്നൈ വിമാനത്താവളത്തിൽ വീണു!

വിസ തട്ടിപ്പുകാരെ പിടികൂടാൻ തൃശ്ശൂർ റൂറൽ പൊലീസ് ആവിഷ്കരിച്ച “ഓപ്പറേഷൻ സുദർശന”യിൽ നിർണ്ണായകമായ ഒരു അറസ്റ്റ് കൂടി. യു.കെയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ തമിഴ്‌നാട് സ്വദേശിയെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. ലുക്കൗട്ട് സർക്കുലർ നിലവിലുണ്ടായിരുന്ന പ്രതി ദുബായിൽ നിന്ന് എത്തിയപ്പോഴാണ് കുടുങ്ങിയത്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് തമിഴ്‌നാട് ഈറോഡ് സ്വദേശിയായ 36-കാരൻ ശങ്കർ ഗണേഷിനെ അറസ്റ്റ് ചെയ്തത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊറ്റനെല്ലൂർ തുമ്പൂർ സ്വദേശിക്ക് യു.കെയിൽ വിസയും ജോലിയും വാഗ്ദാനം ചെയ്ത് 8,85,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പണം വാങ്ങിയ ശേഷം വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ ശങ്കർ ഗണേഷ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം പ്രതി ദുബായിൽ നിന്നും ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ തൃശ്ശൂർ റൂറൽ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആളൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ മനു എസ്. ചെറിയാൻ, ജി.എസ്.ഐമാരായ ജയകുമാർ, ജയ്സൺ, സി.പി.ഒമാരായ സമീഷ്, ലിജു ആന്റണി, ആദർശ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *