nctv news pudukkad

മക്കാക്കുകൾക്കിടയിൽ പുതിയ കൂട്ടുകാരെ തേടി പഞ്ച്; ഒറ്റപ്പെടലിന്റെ നോവ് മറന്ന് അവൻ കളിച്ചുതുടങ്ങി

അമ്മയുപേക്ഷിച്ച ഒരു കുഞ്ഞിക്കുരങ്ങൻ, അവന് കൂട്ടിനായി ജീവനില്ലാത്ത ഒരു പാവ… ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന മക്കാക്ക് കുരങ്ങ് ഇന്ന് ലോകത്തിന്റെ നോവാകുകയാണ്. എന്നാൽ ആ നൊമ്പരത്തിനൊടുവിൽ പഞ്ച് അതിജീവനത്തിന്റെ പുതിയ വഴിയിലേക്ക് നടന്നുതുടങ്ങുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു പഞ്ചിന്റെ ജനനം. എന്നാൽ വിധി അവനെ കാത്തുവെച്ചത് വലിയൊരു ഒറ്റപ്പെടലായിരുന്നു. ജനിച്ച ഉടനെ അമ്മക്കുരങ്ങ് അവനെ ഉപേക്ഷിച്ചു. ഓരോ തവണ അരികിലേക്ക് ചെല്ലുമ്പോഴും അവനെ ആട്ടിയകറ്റി. ഒടുവിൽ മൃഗശാല ജീവനക്കാർ അവനെ ഏറ്റെടുത്തു. കുപ്പിപ്പാൽ നൽകി അവർ അവനെ വളർത്തിയെങ്കിലും, അമ്മയുടെ ശരീരത്തോട് പറ്റിച്ചേർന്ന് വളരേണ്ട പ്രായത്തിൽ പഞ്ച് വലിയ രീതിയിൽ ഒറ്റപ്പെട്ടുപോയി.

മറ്റ് കുരങ്ങുകൾക്കിടയിൽ തനിയെയായ പഞ്ചിന്റെ വിഷമമകറ്റാൻ മൃഗശാലാ അധികൃതർ കണ്ടെത്തിയ വഴിയായിരുന്നു ‘ഐക്കിയ’ ബ്രാൻഡിന്റെ ഒരു ഒറാംഗുട്ടാൻ പാവ. ജീവനക്കാർ അതിന് ‘ഓറ-മാമ’ എന്ന് പേരിട്ടു. നിമിഷങ്ങൾക്കകം ആ പാവ പഞ്ചിന്റെ ലോകമായി മാറി. ഉറങ്ങുമ്പോഴും കളിക്കുമ്പോഴും അവൻ ആ പാവയെ മുറുകെ പിടിച്ചു. തന്നെക്കാൾ വലിപ്പമുള്ള പാവയെ കെട്ടിപ്പിടിച്ചു കിടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളെയാണ് കണ്ണീരണിയിച്ചത്.

എന്നാൽ ഇപ്പോൾ പഞ്ച് പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അവൻ പതുക്കെ മറ്റ് കുരങ്ങുകളുമായി ഇണങ്ങാൻ തുടങ്ങിയിരിക്കുന്നു. മറ്റ് കുരങ്ങുകളുടെ പുറത്ത് കയറുന്നതും അവർക്കൊപ്പം സമയം ചിലവഴിക്കുന്നതുമായ ദൃശ്യങ്ങൾ ആശ്വാസം നൽകുന്നതാണ്. ജാപ്പനീസ് മക്കാക്കുകൾക്കിടയിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് അസാധാരണമല്ലെന്നാണ് അധികൃതർ പറയുന്നത്.

ഇന്ന് ഇച്ചിക്കാവ മൃഗശാലയിലെ ഏറ്റവും വലിയ താരമാണ് പഞ്ച്. അവനെ കാണാൻ എത്തുന്നവരുടെ തിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പഞ്ചിന്റെ കഥ വൈറലായതോടെ ഐക്കിയ കമ്പനിയുടെ പാവകളുടെ വിൽപനയിലും വലിയ വർദ്ധനവുണ്ടായി. പഞ്ചിനോടുള്ള സ്നേഹസൂചകമായി കമ്പനി കുറച്ച് പാവകൾ കൂടി മൃഗശാലയ്ക്ക് സമ്മാനിച്ചു.

കൈയ്യിലുള്ള പാവക്കുട്ടിയെ ഉപേക്ഷിച്ച്, സ്വന്തം വർഗത്തോടൊപ്പം പഞ്ച് പൂർണ്ണമായും ഇണങ്ങിച്ചേരുന്ന ആ ദിവസത്തിനായി കാത്തിരിക്കുകയാണ് മൃഗശാലാ അധികൃതരും മൃഗസ്നേഹികളും. ഒറ്റപ്പെടലിന്റെ നോവ് അനുഭവിക്കുന്നവർക്ക് പഞ്ച് ഇന്ന് അതിജീവനത്തിന്റെ അടയാളമാണ്.

Leave a Comment

Your email address will not be published. Required fields are marked *