nctv news pudukkad

nctv news logo
nctv news logo

സംസ്ഥാനത്തെ മികച്ച സബ് കളക്ടറായി ഒ.വി. ആൽഫ്രഡ്; പാടിയോട്ടുചാലിന്റെ അഭിമാനമായി യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ

സംസ്ഥാനത്തെ മികച്ച സബ് കളക്ടർക്കുള്ള പുരസ്കാരം തിരുവനന്തപുരം സബ് കളക്ടർ ഒ.വി. ആൽഫ്രഡിന്. റവന്യൂ ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം സബ് കളക്ടർ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങളും ഭരണരംഗത്തെ ശ്രദ്ധേയമായ ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.

കണ്ണൂർ ജില്ലയിലെ പാടിയോട്ടുചാൽ സ്വദേശിയായ ഒ.വി ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കഴിഞ്ഞ സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ തിരുവനന്തപുരം റവന്യൂ ഭരണസംവിധാനത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

തിരുവനന്തപുരം സബ് കളക്ടറായിരിക്കെ നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി വിഷയത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. സബ് കളക്ടർ എന്ന നിലയിൽ നിയമപരമായ കാര്യങ്ങളും ജനകീയ ആവശ്യങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ നീക്കങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇത്തരം ക്രിയാത്മകമായ ഇടപെടലുകളാണ് ഇപ്പോൾ സംസ്ഥാന പുരസ്കാരത്തിലൂടെ ആദരിക്കപ്പെടുന്നത്.

പാടിയോട്ടുചാലിലെ ഒരപ്പാനിയിൽ ഒ.ജെ. വിൻസെന്റ് – ത്രേസ്യ ദമ്പതികളുടെ മകനാണ് ആൽഫ്രഡ്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ഐ.എ.എസ് പദവിയിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *