സിനിമാ പ്രേമികൾ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഫാമിലി ത്രില്ലർ വിസ്മയം ‘ദൃശ്യം’ മൂന്നാം ഭാഗത്തിന്റെ ആവേശകരമായ അപ്‌ഡേറ്റുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന റിലീസ് തീയതിയും പ്രഖ്യാപിച്ചു.
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പുതിയ പോസ്റ്ററിൽ അതീവ ലാളിത്യത്തോടെയും എന്നാൽ ആത്മവിശ്വാസം തുടിക്കുന്ന ലുക്കിലുമാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഷർട്ടും മുണ്ടും ധരിച്ച്, ഒരു കറുത്ത പ്രീമിയം കാറിന് മുന്നിൽ നിൽക്കുന്ന ജോർജുകുട്ടിയാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ ഒഴുകുന്ന പുഴയും കാലത്തിന്റെ മാറ്റങ്ങൾ ജോർജുകുട്ടിയുടെ ജീവിതത്തിലും വന്നുവെന്ന് സൂചിപ്പിക്കുന്ന ലുക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
കുടുംബത്തെ സംരക്ഷിക്കാൻ നിയമത്തിന്റെ കണ്ണുവെട്ടിക്കുന്ന സാധാരണക്കാരനായ ജോർജുകുട്ടി എന്ന കഥാപാത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഐക്കോണിക് രൂപമായി മാറിക്കഴിഞ്ഞു. വലിയ പ്രതിസന്ധികളെയും ആത്മസംഘർഷങ്ങളെയും ബുദ്ധിശക്തി കൊണ്ട് നേരിടുന്ന ജോർജുകുട്ടിയുടെ പോരാട്ടം ഇത്തവണ എങ്ങോട്ടായിരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ജീത്തു ജോസഫിന്റെ തിരക്കഥയിൽ പതിവുപോലെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന നിഗൂഢതകൾ ഇത്തവണയും ഉണ്ടാകുമെന്ന് ഉറപ്പാണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് ചിത്രത്തിന്റെ ആഗോള തിയേറ്റർ-ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തിൽ റീമേക്കുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു ഗ്ലോബൽ ബ്രാൻഡ് എന്ന നിലയിൽ ‘ദൃശ്യം 3’ ആഗോള ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജോർജുകുട്ടി ഇത്തവണ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്ത് രഹസ്യമായിരിക്കും? ഉത്തരം അറിയാൻ ഏപ്രിൽ രണ്ട് വരെ കാത്തിരിക്കണം.






