സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. ഉത്രാടപ്പാച്ചിലിന്റെ തിരക്കുകൾ ഒഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേറ്റു. അത്തം മുതൽ ചതയം വരെ നീളുന്ന ഓണാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് തിരുവോണം.
കേരളത്തിൽ മാത്രമല്ല, വിദേശ മലയാളികളും ആർപ്പും ആരവവുമായി ഓണത്തെ വരവേറ്റു. ഓണക്കോടിയുടുത്തും ഓണത്തപ്പനെ വരവേറ്റും തിരുവോണസദ്യ ഒരുക്കിയും വീടുകൾ ആഘോഷത്തിമിർപ്പിലാണ്. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷമാണ്. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന ദിനം കൂടിയാണിത്. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് മലയാളികൾ ഓണമുണ്ണാൻ സ്വന്തം നാടുകളിലേക്കും വീടുകളിലേക്കും എത്തിക്കഴിഞ്ഞു.
‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴി ഓണത്തിന്റെ ആഘോഷപ്രാധാന്യം വ്യക്തമാക്കുന്നു. ഒരു ദിവസത്തെ ആഘോഷം മാത്രമല്ല ഓണം. ഒരു വർഷത്തെ കാത്തിരിപ്പിന്റെ സാഫല്യവും വരും വർഷത്തേക്കുള്ള ഓർമകളും പ്രതീക്ഷകളും ചേർത്തുവയ്ക്കുന്ന ദിനം കൂടിയാണിത്. വീടുകളിലും നാട്ടിലും ജോലിസ്ഥലങ്ങളിലും നാട്ടിൻപുറത്തെ ക്ലബ്ബുകളിലുമെല്ലാം ഓണാഘോഷ പരിപാടികൾ സജീവമായി.
തിരുവോണ നാളിലാണ് മഹാബലി തമ്പുരാൻ പാതാളത്തിൽനിന്ന് കേരളത്തിലെത്തുന്നതെന്നാണ് ഐതിഹ്യം. ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഈ ദിനം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. പഞ്ഞമാസത്തിന്റെ വറുതിയിൽനിന്ന് വിളവെടുപ്പിന്റെ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പ്പാണ് ഓണം. പണ്ടുകാലത്ത് ഓണത്തിന് മുമ്പായി പാടത്ത് വിളഞ്ഞുനിൽക്കുന്ന നെല്ല് കൊയ്തെടുത്തിരുന്നു. കാർഷിക സംസ്കാരവുമായി ചേർന്നുനിന്ന ആ ഓണക്കാലം ഇന്ന് മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓർമയാണ്. ആ ഓർമകളും സ്നേഹവും ഒരുമയും പങ്കുവച്ച് മലയാളി വീണ്ടും പൊന്നോണത്തെ വരവേൽക്കുകയാണ്.






