മഴപെയ്യുമ്പോള്‍ റോഡില്‍ തളം കെട്ടുന്ന വെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം. റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ നടന്നുവേണം പ്രദേശവാസികള്‍ക്ക് കോടാലിയിലേക്കും മറ്റു പ്രദേശങ്ങളിലേക്കും എത്തിപ്പെടാന്‍. വിദ്യാര്‍ത്ഥികളും ഈ വെള്ളക്കെട്ട് താണ്ടിയാണ് സ്‌കൂളിലെത്തുന്നത്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഈ റോഡില്‍ വെള്ളക്കെട്ടുള്ളതായും പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭയിലും പഞ്ചായത്ത് അധികൃതര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തുള്ള വീട്ടുകിണറുകളില്‍ വെള്ളം മലിനപ്പെടുന്നതായും മറ്റു വീടുകളില്‍ നിന്ന് ശുദ്ധജലം കൊണ്ടുവന്ന് കുടിക്കേണ്ട ഗതികേടിലാണെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.