മണ്ണംപ്പേട്ട നന്തിക്കര വീട്ടില്‍ അംബികയാണ് തന്റെ സാഹചര്യങ്ങളോട് പൊരുതി വിജയം കരസ്ഥമാക്കിയത്. ചെറുപ്രായത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട അംബികയെ നോക്കിവളര്‍ത്തിയത് അച്ഛമ്മയും ചേച്ചിമാരുമാണ്. 18 വയസില്‍ വിവാഹം കഴിയുകയും ചെയ്തു. വിവാഹശേഷം കൊടകര ബ്ലോക്കിലെ നോഡല്‍ പ്രേരകില്‍ നിന്നും എസ്എസ്എല്‍സിയും പ്ലസ്ടുവും എഴുതിയെടുത്ത് ഷൊര്‍ണൂര്‍ അല്‍ അമീന്‍ കോളേജില്‍ നിയമപഠനത്തിന് ചേരുകയും ചെയ്തു. പലരില്‍ നിന്നും നിരുത്സാഹപ്പെടുത്തല്‍ ഉണ്ടായപ്പോഴും തികഞ്ഞ ആത്മവിശ്വാസത്തോടെ നിയമവിരുദ്ധം കരസ്ഥമാക്കിയ അംബികയുടെ വിജയത്തിന് സ്വര്‍ണതിളക്കമുണ്ട്. ശില്പങ്ങളുടെ സെയില്‍സ്മാനായ അയ്യപ്പനാണ് അംബികയുടെ ഭര്‍ത്താവ്. മുടങ്ങിപ്പോയ പഠനം തുടരുന്നതിനും ഒരു പ്രൊഫഷണല്‍ നിയമബിരുദം കരസ്ഥമാക്കുന്നതിനും അയ്യപ്പനാണ് അംബികയ്ക്ക് പിന്തുണ നല്‍കിയത്. അനന്തുവും അനാമികയുമാണ് മക്കള്‍. അംബികയെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വീട്ടിലെത്തി അനുമോദിച്ചിരുന്നു. സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സോജന്‍ ജോസഫ്, ഗ്രാമപഞ്ചായത് അംഗം ശൈലജ നാരായണന്‍ എന്നിവരും അനുമോദിക്കുവാന്‍ എത്തിയിരുന്നു.
ജീവിതത്തിന്റെ ദുരിത സാഹചര്യങ്ങളെ അതിജീവിച്ച് മണ്ണംപ്പേട്ട സ്വദേശിനി നേടിയത് എല്‍എല്‍ബി
