നാട്ടുകാര്‍ സ്‌നേഹപൂര്‍വം പോള്‍സേട്ടന്‍ എന്നുവിളിച്ചിരുന്ന ചുങ്കാല്‍ പൊയ്യക്കാരന്‍ വീട്ടില്‍ പോള്‍സന്‍ ഇരിങ്ങാലക്കുട വെള്ളിക്കുളങ്ങര റൂട്ടില്‍ ദീര്‍ഘകാലം സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. കൊടകര കോടാലി റൂട്ടിലെ ചുങ്കാലിലുള്ള പോള്‍സന്റെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പ് പോള്‍സന്‍പടി എന്നറിയപ്പെടാന്‍ തുടങ്ങിയത് ഏതാണ്ട് 40 വര്‍ഷം മുമ്പാണ്. പിന്നീട് നാട്ടുകാരുടെ കൂട്ടായ്മയില്‍ പോള്‍സന്‍പടി ബസ് സ്‌റ്റോപ്പ് എന്നെഴുതിയ കാത്തിരിപ്പുകേന്ദ്രവും ഇവിടെ നിര്‍മിക്കപ്പെട്ടു. പോള്‍സന്‍പടിക്കല്‍ ബസ് എത്തുമ്പോള്‍ യാത്രക്കാരോട് പോള്‍സന്‍പടി പറഞ്ഞവര്‍ ഇറങ്ങിക്കോളൂ എന്ന് പോള്‍സന്‍ നീട്ടിവിളിച്ചു പറയുന്നത് മറ്റുയാത്രക്കാര്‍ കൗതുകത്തോടെയാണ് കേട്ടിരുന്നത്. മുപ്പതുവര്‍ഷത്തോളം നീണ്ട കണ്ടക്ടര്‍ ജോലി അവസാനിപ്പിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും ഇതുവഴി കടന്നുപോകുന്ന ബസുകളിലെ കണ്ടക്ടര്‍മാര്‍ പോള്‍സന്‍പടി പോള്‍സന്‍പടി എന്ന് പറയുന്നത് കൗതുകത്തോടെ കേട്ടിരിക്കാനും പോള്‍സന് ഭാഗ്യമുണ്ടായി. പോള്‍സന്‍ ഓര്‍മയായെങ്കിലും ചുങ്കാല്‍ പോള്‍സന്‍പടിയും ഇവിടത്തെ ബസ് കാത്തിരിപ്പുകേന്ദ്രവും ഉള്ളിടത്തോളം പോള്‍സനെ നാട്ടുകാര്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കും.
താന്‍ ജീവിച്ച ചുറ്റുവട്ടം സ്വന്തം പേരില്‍ അറിയപ്പെടുന്നതിന്റെ ചാരിതാര്‍ഥ്യവുമായാണ് ചുങ്കാല്‍ പോള്‍സന്‍പടി സ്വദേശി പോള്‍സന്‍ ചൊവ്വാഴ്ച ഓര്‍മയായത്
