തൃക്കൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന തണ്ടാശ്ശേരി ശിവന്റെ മകന്‍ 43 വയസുള്ള ടി.എസ്. അഭിഷേകാണ് ചികിത്സക്ക് പണം സ്വരൂപിക്കാനാണ് സ്വകാര്യ ബസുകള്‍ ഒരു ദിവസത്തെ വരുമാനം നല്‍കുന്നത്. കരള്‍ രോഗം ബാധിച്ച് എറണാകുളം ഏസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിന്റെ കീഴില്‍ ചികിത്സയിലാണ്. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 60 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് അഭിഷേകിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമാണ് അഭിഷേക്. ഇദ്ദേഹത്തിന്റെ ചികില്‍സ നടത്താനുള്ള ചിലവ് കുടുംബത്തിന് താങ്ങാന്‍ കഴിയാവുന്നതല്ല. ഇതോടെയാണ് കുടുംബത്തെ സഹായിക്കാന്‍ തൃക്കൂര്‍ പൊന്നൂക്കര മരത്താക്കര റൂട്ടിലോടുന്ന പതിനൊന്ന് സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തിയത്. തൃക്കൂരില്‍ നടന്ന ചടങ്ങില്‍ വെച്ച് കാരുണ്യയാത്രയുടെ ഫഌഗ് ഓഫ് കര്‍മ്മം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജിയോ ജെ. വാഴപ്പിള്ളി, വി.ബി. സജീവ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം കപില്‍രാജ്, ബസ് ഓണേഴ്‌സ് യൂണിയന്‍ അംഗങ്ങളായ ബിജു പടിക്കലാന്‍, സൂരജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ബസുകളുടെ ബുധനാഴ്ച ദിവസത്തെ കളക്ഷന്‍ തുക കുടുംബത്തിന് കൈമാറും. അഭിഷേകിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ബാങ്ക് ഓഫ് ഇന്ത്യയുടെ പൊന്നൂക്കര ബ്രാഞ്ചില്‍ ജിസ്സ അഭിഷേകിന്റെ പേരില്‍ രൂപീകരിച്ച അക്കൗണ്ട് നമ്പര്‍ 850910110000873, ഐഎഫ്എസ്‌സി കോഡ് BKID0008509 എന്ന അക്കൗണ്ടിലോ, 799 484 03 76 എന്ന ഗൂഗിള്‍ പേ നമ്പറിലോ സഹായങ്ങള്‍ നല്‍കുക.
കരള്‍ രോഗബാധിതനായ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കരുണയുടെ കൈത്താങ്ങുമായി തൃക്കൂര്‍ പൊന്നൂക്കര റൂട്ടിലെ സ്വകാര്യ ബസുകള്‍
