വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ബാഭ്‌ല സ്വദേശി 37 വയസുള്ള സുറത്തുള്‍ ഹസനെയാണ് വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. അറുന്നൂറ് ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടി. അതിരാവിലെ മറ്റത്തൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെ കാല്‍നടയായി സഞ്ചരിച്ചാണ് ഹസന്റെ ലഹരിവില്‍പന. പ്രത്യേകം അറകള്‍ തുന്നിച്ചേര്‍ത്ത ഒന്നിലധികം അടിവസ്ത്രങ്ങള്‍ ധരിച്ച് അതിലൊളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് പൊതികള്‍ സൂക്ഷിച്ചിരുന്നത്. പഴയ ലോട്ടറിടിക്കറ്റുകള്‍ ശേഖരിച്ച് അവയില്‍ പൊതിഞ്ഞാണ് കഞ്ചാവ് കൈമാറിയിരുന്നത്. മറ്റുള്ളവര്‍ക്ക് ഇയാള്‍ ലോട്ടറി വിറ്റതായി കാഴ്ചയില്‍ തോന്നാനാണ് ഇതെന്നും പൊലീസ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഇയാള്‍ ആലുവയില്‍ നിന്നും താമസത്തിനായി വെള്ളിക്കുളങ്ങരയില്‍ എത്തിയത്. ഹസന്റെ താമസ സ്ഥലം കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല. ഹസന് കഞ്ചാവ് ലഭിക്കുന്ന സ്രോതസ്സുകളെക്കുറിച്ചും ഇയാളുടെ ഇടപാടുകാരെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി ആര്‍. അശോകന്റെയും ജില്ലാ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി എന്‍. മുരളീധരന്റെയും നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര സി. ഐ. സുജാതന്‍പിള്ള, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍. ഡേവിസ്, വി.ജി. സ്റ്റീഫന്‍, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, എഎസ്‌ഐമാരായ പി.എം. മൂസ, പി.എം. ഷൈല, വി.യു. സില്‍ജോ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സഹദേവന്‍, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വെള്ളിക്കുളങ്ങരയില്‍ അരക്കിലോയിലധികം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍
