nctv news pudukkad

nctv news logo
nctv news logo

കേരളത്തില്‍ താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ പുറത്തിറക്കി

തൃശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജില്ലകളിലൊന്നും മഴ സാധ്യതകള്‍ ഇല്ല. താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ നല്‍കുന്ന അറിയിപ്പില്‍ പറയുന്നു. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഒപ്പം നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *