nctv news pudukkad

nctv news logo
nctv news logo

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജലമണി പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം

water break

പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതുപ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 2020ല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കൊവിഡിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കിയിരുന്നില്ല. ഇതേ കുറിച്ച് രവീന്ദ്രനാഥ് കഴിഞ്ഞയാഴ്ച മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത.്
എത്രയും വേഗം പദ്ധതി നടപ്പിലാക്കിയതായി ഉറപ്പ് വരുത്തണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ആര്‍ഡിഡി, എ.ഡി, ഡയറ്റ് പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സ്‌കൂള്‍ സമയത്ത് ക്രമമായ ഇടവേളകളില്‍ ബെല്‍ മുഴക്കി കുട്ടികളെ വെള്ളം കുടിക്കാന്‍ ശീലിപ്പിക്കുന്നതാണ് ജലമണി പദ്ധതി. രാവിലെ 10.30നും ഉച്ചക്ക് 2 നും ബെല്‍ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകള്‍ അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുവരാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ശുദ്ധജലം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വെള്ളം ശരിയായ അളവില്‍ കുടിക്കാത്തതുമൂലം കുട്ടികള്‍ക്കുള്ള ക്ഷീണം, ദഹനക്കുറവ്, വൃക്കകളുടെയും മറ്റ് അവയവങ്ങളുടെയും ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനാണ് ജലമണി പദ്ധതി നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കാനാണ് ഉത്തരവ്.

Leave a Comment

Your email address will not be published. Required fields are marked *