80 വര്‍ഷത്തിലേറെ പഴക്കമുള്ള നാട്ടുമാവിന്റെ ശിഖരങ്ങളാണ് ഇറിഗേഷന്‍ അധികൃതരുടെ അറിവോടെ പൂര്‍ണമായി വെട്ടിനീക്കിയത്. പേരാമ്പ്ര ബ്രാഞ്ച് കനാലിന്റെ ബണ്ടില്‍ നില്‍ക്കുന്ന ഈ മാവിനെ കരിമ്പ് മാവ് എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ആളൂര്‍ പഞ്ചായത്തിലെ ജൈവ വൈവിധ്യപരിപാലന സമിതി അപൂര്‍വ്വ ഇനമായി പരിഗണിച്ച്‌സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കണ്ടെത്തിയ ഈ മാവിന്റെ ശിഖരങ്ങള്‍ പരിസ്ഥിതി ദിനത്തിന്റെ പിറ്റേന്നാണ് ഇറിഗേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ മുറിച്ചുമാറ്റിയത്. പഞ്ചായത്തിന്റെയോ സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെയോ അറിവോ അനുമതിയോ കൂടാതെയാണ് ശിഖരങ്ങള്‍ വെട്ടി നീക്കിയതെന്ന് പറയുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പഞ്ചായത്ത് അംഗം സവിത ബിജു, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതി കണ്‍വീനര്‍ പി.കെ. കിട്ടന്‍, അംഗങ്ങളായ റാഫി കല്ലേറ്റുങ്കര, വിശ്വംഭരന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ എം. മോഹന്‍ദാസ്, സി.വി. ജോസ്, പി.എ. ബാബു എന്നിവര്‍ സ്ഥലത്തെത്തി. ഇറിഗേഷന്‍ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മഴക്കാലത്തിന് മുന്നോടിയായി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് മാവിന്റെ ശിഖരങ്ങള്‍ വെട്ടിയതെന്നാണ് ഇറിഗേഷന്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ മാവോ ഇതിന്റെ ശിഖരങ്ങളോ മുറിച്ചുമാറ്റാന്‍ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അനുമതി നല്‍കിയിട്ടില്ലെന്നും സാമൂഹിക വനവല്‍ക്കരണവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാവിന്റെ ശിഖരങ്ങള്‍ വെട്ടിയതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജൈവ വൈവിധ്യപരിപാലന സമിതി കണ്‍വീനര്‍ പി.കെ. കിട്ടന്‍ പറഞ്ഞു.