മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പ് എന്‍.എച്ച് എഞ്ചിനിയറിംഗ് വിഭാഗം, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സംഘത്തെ കളക്ടര്‍ ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്സമര്‍പ്പിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ പരിഹരിക്കാന്‍ ബാക്കിയുള്ളവയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.എച്ച്.എ.ഐയോട് ആവശ്യപ്പെട്ടിരുന്നു. സര്‍വീസ് റോഡുകളില്‍ നിന്ന് പ്രധാന പാതയിലേക്കുള്ള പ്രവേശന ഭാഗങ്ങളിലെ വീതിക്കുറവ്, അപര്യാപ്തമായ ഓട സംവിധാനങ്ങള്‍, സര്‍വീസ് റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിലെ അപാകത, നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും അപകടകരമായ കുഴികളുള്ള ഭാഗങ്ങളിലും ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളുടെ അഭാവം എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കും. കളക്ടര്‍ രൂപീകരിച്ച സംഘം ഈ വിഷയങ്ങളില്‍ വിശദമായ പരിശോധന നടത്തി ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മിറ്റി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിപ്പാത നിര്‍മ്മാണത്തില്‍ നേരിടുന്ന കാലതാമസത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ബാക്കിയുള്ള നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി
