nctv news pudukkad

കേരളത്തിൽ പുതിയ ഭരണയുഗം; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് യു.ഡി.എഫ് സർക്കാർ അധികാരത്തിലേക്ക്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി വി.ഡി. സതീശൻ കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും സത്യവാചകം ചൊല്ലി അധികാരമേറ്റു. വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ആകെ 21 അംഗങ്ങളാണുള്ളത്. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ. ഇതിൽ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യത്തെ രണ്ടര വർഷം അനൂപ് ജേക്കബും തുടർന്നുള്ള രണ്ടര വർഷം മാണി സി. കാപ്പനും മന്ത്രിസ്ഥാനം വഹിക്കും.

ദേശീയ നേതാക്കളുടെയും വലിയ ജനക്കൂട്ടത്തിന്റെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ചടങ്ങ്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എം.പി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾക്കും സത്യപ്രതിജ്ഞാ വേദിയിൽ തന്നെ ഇരിപ്പിടമൊരുക്കിയത് ഇത്തവണത്തെ ചടങ്ങിൻ്റെ വലിയൊരു സവിശേഷതയായി.

കൂടാതെ പുതിയ സർക്കാരിൻ്റെ സ്പീക്കർ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാനെയും യു.ഡി.എഫ് നിശ്ചയിച്ചിട്ടുണ്ട്.

അതേസമയം, മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഘടകകക്ഷികളുടെയും കോൺഗ്രസ് മന്ത്രിമാരുടെയും വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. തനിക്ക് വൈദ്യുതി വകുപ്പിൽ താൽപ്പര്യമില്ലെന്ന് കെ. മുരളീധരൻ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ആരോഗ്യവും ദേവസ്വവും വേണമെന്ന മുരളീധരൻ്റെ ആവശ്യം നേതൃത്വം അംഗീകരിച്ചതായും സൂചനകളുണ്ട്. വരും മണിക്കൂറുകളിൽ തന്നെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *