nctv news pudukkad

കോടികളുടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്; കമ്മീഷൻ വാങ്ങി പണം കടത്തിയ കാസർഗോഡ് സ്വദേശി പിടിയിൽ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ മറവിൽ ഒരു കോടി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കമ്മീഷൻ വ്യവസ്ഥയിൽ പണം കൈമാറിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി മുഹമ്മദ് ഷമീലിനെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് സംഘം കാസർഗോഡു നിന്ന് പിടികൂടിയത്. തട്ടിപ്പുസംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി പണം പിൻവലിച്ചു നൽകിയതിനാണ് അറസ്റ്റ്.

ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്നാണ് ‘ബാരിക് ഗോൾഡ് ക്യാപിറ്റൽ’ എന്ന വ്യാജ ട്രേഡിംഗ് കമ്പനിയുടെ പേരിൽ പ്രതികൾ ഒരു കോടിയിലധികം രൂപ തട്ടിയെടുത്തത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം പ്രത്യേക ട്രേഡിംഗ് വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. ലാഭവിഹിതം പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും ഇരിങ്ങാലക്കുട സൈബർ പൊലീസിൽ പരാതി നൽകിയതും.

തട്ടിയെടുത്ത പണത്തിൽ നാലര ലക്ഷത്തോളം രൂപ ഇരുപത്തിമൂന്നുകാരനായ ഷമീലിന്റെ ഐ.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. ഈ തുക എ.ടി.എം വഴിയും ചെക്ക് ഉപയോഗിച്ചും പിൻവലിച്ച് ഷമീൽ മുഖ്യ സൈബർ തട്ടിപ്പ് സംഘത്തിന് കൈമാറുകയായിരുന്നു. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി അജ്സലിനൊപ്പം ചേർന്നാണ് ഷമീൽ കമ്മീഷൻ വ്യവസ്ഥയിൽ പണം പിൻവലിച്ചു നൽകിയത്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഷ്റഫ്, സബ് ഇൻസ്പെക്ടർ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *