nctv news pudukkad

ഇരിങ്ങാലക്കുട നഗരസഭയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം കവർന്ന ജീവനക്കാരൻ പിടിയിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാജ രേഖകൾ ചമച്ച് 46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ നഗരസഭാ ജീവനക്കാരൻ പിടിയിൽ. കോണോത്തുകുന്ന് സ്വദേശി പയപ്പിള്ളി വീട്ടിൽ തൃദീപനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരസഭയിലെ ദിവസ കളക്ഷൻ തുക ബാങ്കിലടയ്ക്കാതെയായിരുന്നു തട്ടിപ്പ്.

2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് നഗരസഭയെ ഒട്ടാകെ കബളിപ്പിച്ച വൻ തട്ടിപ്പ് നടന്നത്. നഗരസഭയിൽ ദിവസേന ലഭിക്കുന്ന കളക്ഷൻ തുക ബാങ്കിൽ അടയ്ക്കുമ്പോൾ പ്രതി കൃത്രിമം കാണിക്കുകയായിരുന്നു. ബാങ്കിൽ കുറഞ്ഞ തുക മാത്രം അടയ്ക്കുകയും, എന്നാൽ യഥാർത്ഥ തുക തന്നെ അടച്ചുവെന്ന് വരുത്തിത്തീർക്കാൻ ബാങ്ക് രസീതുകളിൽ തിരുത്തലുകൾ വരുത്തി വ്യാജരേഖ ചമയ്ക്കുകയുമായിരുന്നു പ്രതിയുടെ രീതി.

ഇത്തരത്തിൽ ഒരു വർഷത്തോളമായി 46,10,015 രൂപയുടെ വലിയൊരു തുകയാണ് നഗരസഭ ജീവനക്കാരനായ തൃദീപൻ തട്ടിയെടുത്തത്. നഗരസഭ സെക്രട്ടറി വി.എച്ച്. ഹബീബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിലീഷ്, സബ്ബ് ഇൻസ്പെക്ടർ ശ്രീലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ തൃദീപനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *