കൊടകരയില് വന് രാസലഹരി വേട്ട. പാഴ്സല് സര്വീസിന്റെ മറവില് ലോറിയില് കടത്തുകയായിരുന്ന എംഡിഎംഎയും നാല് എല്എസ്ഡി സ്റ്റാമ്പുമായി ഒരാള് പിടിയില്. ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടില് മുഹമ്മദ് ഫാസിലിനെയാണ് തൃശ്ശൂര് റൂറല് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്സാഫ് സംഘവും കൊടകര പൊലീസും ചേര്ന്ന് അറസ്റ്റ് ചെയ്തത്. ഇയാള് ഓടിച്ചിരുന്ന ലോറിയില്നിന്ന് 198.3 ഗ്രാം എം.ഡി.എം.എ.യും നാല് എല്.എസ്.ഡി. സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്നും വാഹനവും കസ്റ്റഡിയിലെടുത്തു.
തൃശ്ശൂര് റൂറല് ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് ദേശീയപാതയില് കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം വെള്ളിയാഴ്ച പുലര്ച്ചെ 02.45ഓടെ നടത്തിയ പരിശോധനയിലാണ് വന് രാസലഹരി ശേഖരം പിടികൂടിയത്. ലോറിയിലെ കാര്ഗോ ബോക്സുകള്ക്കിടയില് ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. കളമശ്ശേരി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എയര് കാര്ഗോ പാഴ്സല് കമ്പനിയിലെ ഡ്രൈവറാണ് പിടിയിലായ മുഹമ്മദ് ഫാസില്. കഴിഞ്ഞ ഒരു വര്ഷമായി ഇയാള് ഇവിടെ ജോലി ചെയ്തുവരികയാണ്. ബാംഗ്ലൂരില്നിന്ന് പാഴ്സലുകള്ക്കൊപ്പം ലഹരിമരുന്നും ലോറിയില് കയറ്റി, എറണാകുളം കേന്ദ്രീകരിച്ച് വന്കിട ഇടപാടുകാര്ക്കും യുവാക്കള്ക്കും വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി.
ഡാന്സാഫ് ടീം അംഗങ്ങളായ എസ് ഐ മാരായ പി. ജയകൃഷ്ണന്, സതീശന് മടപ്പാട്ടില്, പിഎം മൂസ, ടി.ആര്. ഷൈന്, എ എസ് ഐ മാരായ വി.യു. സില്ജോ, ലിജു ഇയ്യാനി, എ.യു. റെജി, എം.ജെ. ബിനു, ഇ.എസ്. ജീവന്, സി.കെ ബിജു, എസ് സി പി ഒ മാരായ സോണി പിഎക്സ്, സി പി ഒ മാരായ എ.ബി. നിഷാന്ത്, കെ.ജെ. ഷിന്റോ, സുര്ജിത്ത് സാഗര്, ഇ.എ. ശ്രീജിത്ത്, കൊടകര പൊലീസ് സ്റ്റേഷന് എസ് എച്ച് ഒ ജര്ലിന് വി. സ്കറിയ, വെള്ളിക്കുളങ്ങര സിഐ കെ.കെ. ഷബാബ്, കൊടകര എസ് ഐ മാരായ എം.ബി. അരുള്, പി.ആര്. സുധീഷ്, സി പി ഒ മാരായ എ.ആര്. രജിത്, ഇ.എ. ശ്രീനാഥ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.






