സ്കൂൾ വരാന്തയിൽ ഒത്തുചേർന്ന് അവർ ചിരിച്ചുകൊണ്ട് പകർത്തിയ ആ ചിത്രം… 2024-25 അധ്യയന വർഷം അവസാനിക്കുമ്പോൾ സന്തോഷത്തോടെ എടുത്ത ആ ഫോട്ടോയിലുള്ള ആറുപേർ ഇന്ന് ജീവിക്കുന്ന ഓർമ്മയാണ്. അതിരപ്പള്ളിയും മലക്കപ്പാറയും കണ്ട് പൊള്ളാച്ചിയിലേക്ക് പോകവേയാണ് പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകസംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. KL 11 AM 7288 നമ്പറിലുള്ള ട്രാവലർ 300 അടി താഴ്ചയിലേക്ക് മറിതായിരുന്നു അപകടം. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.
യാത്രയ്ക്കിടയിൽ അവർ പകർത്തി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച ഓരോ ചിത്രവും ഇപ്പോൾ പ്രിയപ്പെട്ടവരുടെ കണ്ണുനിറയ്ക്കുന്നു.
പ്രധാനാധ്യാപിക അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, സ്കൂളിലെ പാചകത്തൊഴിലാളി സാജിത എന്നിവർ ആ ഗ്രൂപ്പ് ഫോട്ടോയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മജീദിന്റെ ഭാര്യ റുഖിയയും സുഹറയുടെ മകൻ ഹിഷാമും ഷക്കീനയും ഈ ലോകത്തോട് വിടപറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിലാപയാത്രയായി നാട്ടിലെത്തിച്ചു. അമ്പലപ്പറമ്പ് ഗവണ്മെന്റ് ഹൈസ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. തുടർന്ന് ബന്ധപ്പെട്ട ഖബറിസ്ഥാനുകളിലും ശ്മശാനങ്ങളിലും സംസ്കാര ചടങ്ങുകൾ നടക്കും.
തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർ തിരിച്ചുവരുമെന്ന് കരുതിയ കുരുന്നുകൾക്കും നാട്ടുകാർക്കും ഈ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണ്. അക്ഷരങ്ങൾ പകർന്നുനൽകിയ കൈകൾ യാത്രയാവുകയാണ്, ഒരുപിടി നോവുന്ന ഓർമ്മകൾ മാത്രം ബാക്കിയാക്കി.






