nctv news pudukkad

അക്ഷരമുറ്റത്ത് വിങ്ങലായി പ്രിയപ്പെട്ടവർ; വെളിച്ചം പകർന്നു നൽകിയവർക്ക് കണ്ണീരോടെ വിട!

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വാൽപാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ ജന്മനാട്ടിലെത്തിച്ചു. പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ പൊതുദർശനത്തിൽ പ്രിയപ്പെട്ട അധ്യാപകരെയും സഹപ്രവർത്തകരെയും കാണാൻ വിങ്ങിപ്പൊട്ടി ജനം ഒഴുകിയെത്തുകയാണ്. അക്ഷരമുറ്റത്ത് പ്രിയപ്പെട്ടവർക്ക് വിടചൊല്ലുമ്പോൾ കണ്ണീർക്കടലായി മാറുകയാണ് മലപ്പുറം ജില്ലയിലെ പാങ്ങ് ഗ്രാമം.

ഒരു നാടിന്റെ മുഴുവൻ വിങ്ങലാകുകയാണ് 12 വയസ്സുകാരൻ ഹിഷാം അടക്കം ആ ഒൻപത് പേരും. വാൽപാറ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മുൻപ് തന്നെ നൂറുകണക്കിന് ആളുകൾ പൊതുദർശനം നടക്കുന്ന അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് എത്തിയിരുന്നു. പൊള്ളാച്ചിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ കേരളത്തിലേക്ക് തിരിച്ചത്. ആംബുലൻസുകൾ എത്തിയപ്പോഴേക്കും സ്കൂൾ മുറ്റം നിയന്ത്രിക്കാനാവാത്ത സങ്കടക്കടലായി മാറി.

പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അടങ്ങുന്ന 13 അംഗ സംഘത്തിലെ ഒൻപത് പേരാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വാൽപാറ ചുരം റോഡിലെ 13-ാം ഹെയർപിൻ വളവിൽ നടന്ന അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ട വാൻ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപതാം വളവിലേക്ക് പതിക്കുകയായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, മജീദിന്റെ ഭാര്യ റുഖിയ, സ്കൂൾ ബസ് ഡ്രൈവർ നൗഷാദ്, പാചകത്തൊഴിലാളി സാജിത എന്നിവർ സംഭവസ്ഥലത്തും സുഹറയുടെ മകൻ 12 വയസ്സുള്ള ഹിഷാം ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.

അപകടത്തിൽ പരുക്കേറ്റ ഷഹദീൻ മുഹമ്മദ്, നൗഷാദ് അലി, മുഹമ്മദ് ഫയീസ് എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ നൗഷാദ് അലിയും മുഹമ്മദ് ഫയീസും തീവ്രപരിചരണ വിഭാഗത്തിലാണ്. പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട 10 വയസ്സുകാരി മസ്നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ തന്റെ ഉമ്മ മരിച്ച വിവരം മസ്നീൻ ഇപ്പോഴും അറിഞ്ഞിട്ടില്ല. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

Leave a Comment

Your email address will not be published. Required fields are marked *