nctv news pudukkad

എസ്എസ്എല്‍സി ഫലം മെയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി ഫലം മെയ് 25ന്

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ മെയ് 2 വരെയാണ് എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പും മറ്റ് അവധികളും കാരണമാണ് ഇത്തവണ മൂല്യനിർണ്ണയ നടപടികൾ തുടങ്ങാൻ വൈകിയതെന്ന് മന്ത്രി വിശദീകരിച്ചു.

ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം അനുകൂലമല്ലാത്തതിനാൽ അവിടെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ റദ്ദാക്കേണ്ടി വന്നതായും മന്ത്രി അറിയിച്ചു. ഹയർസെക്കൻഡറി ഫലം മെയ് 25-ഓടെ പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഇതോടൊപ്പം സ്കൂൾ പ്രവേശനത്തിന് പ്രവേശന പരീക്ഷകൾ നടത്താൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ നടക്കും. ഇതിന് മുന്നോടിയായി സ്കൂളുകളിലെ അറ്റകുറ്റപ്പണികൾ മെയ് 30-നകം പൂർത്തിയാക്കണം. അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനെതിരെ മന്ത്രി കർശന മുന്നറിയിപ്പ് നൽകി. കുട്ടികളുടെ അവധിക്കാലം ക്ലാസ് മുറികളിലായിരിക്കരുത് എന്ന ഉറച്ച നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *