അതിരപ്പള്ളി മലക്കപ്പാറയിൽ വയോധിക പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന ഷോളയാർ ഡാമിന് സമീപം താമസിക്കുന്ന ഇൻസൈ അമ്മാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹം പുലി ഭാഗികമായി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഷോളയാർ ഡാമിന് സമീപമുള്ള സ്വന്തം വീടിന് തൊട്ടടുത്തുനിന്നാണ് 70 വയസ്സുകാരിയായ ഇൻസൈ അമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് അതിർത്തിക്കുള്ളിലാണ് സംഭവം നടന്നതെങ്കിലും, മലക്കപ്പാറ വനമേഖലയോട് ചേർന്നുനിൽക്കുന്ന ഇടമായതിനാൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.
മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന പരാതികൾ നിലനിൽക്കെയാണ് ഈ ദാരുണാന്ത്യം. സംഭവസ്ഥലത്ത് തമിഴ്‌നാട് വനംവകുപ്പും പോലീസും എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വന്യമൃഗങ്ങളെ തടയാൻ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






