കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളി ഇന്ന് വിഷു ആഘോഷിക്കുന്നു. കണിക്കൊന്നയുടെ മഞ്ഞപ്പട്ടുടുത്ത പ്രകൃതിയും ഐശ്വര്യത്തിന്റെ വിഷുക്കണിയും കൈനീട്ടവും സദ്യയുമായി ഓരോ മലയാളി മനസ്സുകളിലും ഇന്ന് പുത്തൻ പ്രതീക്ഷകളുടെ പുലരിയാണ്.
രാവും പകലും തുല്യമായ ‘വിഷുവം’ എന്ന സങ്കല്പത്തിൽ നിന്നാണ് വിഷു എന്ന പേരുണ്ടായത്. കഷ്ടതയുടെ കാലം മാറി സമൃദ്ധിയുടെയും സമാധാനത്തിന്റെയും പുലരിയിലേക്കുള്ള ചുവടുവെപ്പായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. നിലവിളക്കിന്റെ വെളിച്ചത്തിൽ ഓട്ടുരുളിയിൽ ഒരുക്കിയ കണിക്കൊന്നയും, കണിവെള്ളരിയും, വാൽക്കണ്ണാടിയും, പൊന്നും, കോടിമുണ്ടും കണ്ട് മലയാളികൾ ഇന്ന് പ്രഭാതത്തിലേക്ക് ഉണർന്നു. ഭഗവാൻ ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ സർവ്വ ഐശ്വര്യങ്ങളും സമർപ്പിച്ചുള്ള കണികാണൽ ചടങ്ങ് ഭക്തിനിർഭരമായി. തുടർന്ന് കുടുംബാംഗങ്ങൾ തമ്മിൽ സ്നേഹത്തിന്റെ പ്രതീകമായി കൈനീട്ടം കൈമാറി.
ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്. സദ്യയ്ക്ക് മുൻപായി നിലം ഉഴുതുമറിച്ച് നടത്തുന്ന ‘ചാലിടീൽ’ ചടങ്ങ് കാർഷിക സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്നു. വിഷുക്കരിക്കൽ, വിഷുവേല, പത്താമുദയം എന്നിവയും മാറ്റച്ചന്തകളും പഴയകാലത്തിന്റെ ഓർമ്മ പുതുക്കലുകളായി ഇന്നും നിലനിൽക്കുന്നു.
ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെയും, രാവണന് മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെയുമൊക്കെ ഐതിഹ്യങ്ങൾ വിഷുവിനുണ്ട്. രാവണവധത്തിന് ശേഷം സൂര്യൻ നേരെ ഉദിക്കാൻ തുടങ്ങിയതിന്റെ ഓർമ്മ പുതുക്കലായും വിഷുവിനെ കരുതുന്നു. ഏത് വേനലിലും പൂത്തുനിൽക്കുന്ന കണിക്കൊന്ന പോലെ വരും വർഷം മുഴുവൻ ഐശ്വര്യപൂർണ്ണമാകട്ടെ എന്ന പ്രാർത്ഥനയിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ.






