വീഡിയോ കോളിൽ കണ്ടത് ആത്മഹത്യാശ്രമം. മരണം തൊട്ടടുത്തെത്തിയ നിമിഷം മിന്നൽ വേഗത്തിൽ ഇടപെട്ട് യുവതിയുടെ ജീവൻ രക്ഷിച്ച് തൃശൂർ സിറ്റി പൊലീസ്. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അപർണ്ണയുടെ ജാഗ്രതയും വിയ്യൂർ പൊലീസിന്റെ മിന്നൽ നീക്കവുമാണ് ഒരു ജീവൻ തിരിച്ചുപിടിച്ചത്.
മാനസിക പ്രയാസങ്ങൾ സംസാരിക്കാൻ മുൻപും എഎസ്ഐ അപർണ്ണയെ സമീപിച്ചിരുന്ന യുവതി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് വീഡിയോ കോൾ ചെയ്തത്. ഫോൺ എടുത്ത അപർണ്ണ കണ്ടത് യുവതി ജീവനൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ്. ഒരു നിമിഷം പോലും പാഴാക്കാതെ അപർണ്ണ ഉടൻ തന്നെ വിയ്യൂർ പോലീസിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞ ഉടൻ വിയ്യൂർ എസ്എച്ച്ഒ നിമിഷ് ത്രിപാഠി ഐപിഎസ്, ഇൻസ്പെക്ടർ മഹേഷ്‌കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം എഎസ്ഐ സജീവും സിപിഒ മനോജും യുവതിയുടെ ക്വാർട്ടേഴ്സിലേക്ക് കുതിച്ചു. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറുമ്പോൾ യുവതി മരണത്തോട് മല്ലിടുകയായിരുന്നു. ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച സാരി മുറിച്ച് പൊലീസ് സംഘം ഉടൻ തന്നെ യുവതിയെ താഴെയിറക്കി. ആംബുലൻസിനായി കാത്തുനിൽക്കാതെ പൊലീസ് വാഹനത്തിൽ തന്നെ യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. കൃത്യസമയത്ത് ചികിത്സ നൽകാനായതിനാൽ യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ എഎസ്ഐ അപർണ്ണ യുവതിക്ക് വേണ്ട കൗൺസിലിംഗും മാനസിക പിന്തുണയും നൽകി. പൊലീസിന്റെ സേവന സന്നദ്ധതയുടെയും ജാഗ്രതയുടെയും ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.






