nctv news pudukkad

ഇരിങ്ങാലക്കുട വധശ്രമം: എല്ലാ പ്രതികളും പിടിയിൽ

ഇരിങ്ങാലക്കുട ഐക്കരക്കുന്നിൽ വയോധികനെ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.

ഐക്കരക്കുന്ന് സ്വദേശി സുരേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ കൊറ്റനെല്ലൂർ സ്വദേശികളായ അമൽ, അരുൺ എന്നിവരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് ഒടുവിൽ വലയിലാക്കിയത്. പ്രധാന പ്രതി സലോഷിനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം പാടത്തും കുറ്റിക്കാട്ടിലുമായി ഒളിവിൽ കഴിഞ്ഞ പ്രതികൾ, കഴിഞ്ഞ ദിവസം രാവിലെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. വ്യക്തിവൈരാഗ്യത്തെത്തുടർന്ന് ഐക്കരക്കുന്ന് റേഷൻ കടയ്ക്ക് സമീപം വെച്ച് സുരേഷിനെ തടഞ്ഞുനിർത്തിയ പ്രതികൾ, കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വധശ്രമക്കേസുകൾ ഉൾപ്പെടെ പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയാണ് സലോഷ്. 2024 ലും 2025 ലും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്തി ജയിലിലടയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. അമൽ, അരുൺ എന്നിവർ വധശ്രമം, അടിപിടി, ലഹരി മരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ, ഇൻസ്പെക്ടർ ടി. ദിലീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *