ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. വിനയത്തിന്റെയും സഹോദരസ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കാൽകഴുകൽ ശുശ്രൂഷയും നടക്കും.
വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പെസഹ ആചരണത്തിനായി വിശ്വാസി സമൂഹം പ്രാർത്ഥനാനിർഭരമാണ്. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കലാണ് പെസഹ. അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിച്ച് ശിഷ്യർക്ക് നൽകിക്കൊണ്ട് യേശു പരിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ പുണ്യസ്മരണയിലാണ് ഇന്ന് ദേവാലയങ്ങളിൽ കുർബാന അർപ്പിക്കുന്നത്. അധികാരമല്ല, വിനീതമായ സേവനമാണ് വലുതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. ഈ മാതൃക പിന്തുടർന്ന് ദേവാലയങ്ങളിൽ ഇന്ന് വൈകിട്ട് കാൽകഴുകൽ ശുശ്രൂഷ നടക്കും. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ പാദങ്ങൾ പുരോഹിതൻ കഴുകി ചുംബിക്കുന്നതോടെ ഈ ശുശ്രൂഷ പൂർത്തിയാകും. പള്ളികളിലെ ശുശ്രൂഷയ്ക്ക് ശേഷം വീടുകളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പെസഹ അപ്പം മുറിക്കും. ക്രിസ്തുവുമായുള്ള ആത്മീയ ഐക്യത്തെയാണ് ഈ അപ്പം മുറിക്കൽ ചടങ്ങ് സൂചിപ്പിക്കുന്നത്. പെസഹ വ്യാഴത്തിന് പിന്നാലെ നാളെ ക്രൈസ്തവ ലോകം ദുഃഖവെള്ളിയാഴ്ച ആചരിക്കും.






