nctv news pudukkad

ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹ വ്യാഴം ആചരിക്കുന്നു; സ്നേഹത്തിന്റെയും വിനയത്തിന്റെയും അന്ത്യഅത്താഴ സ്മരണ

ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹ വ്യാഴം ആചരിക്കുന്നു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനമാണിത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തിക്കൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ നാളെ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും.

യേശുദേവൻ കുരിശുമരണത്തിന് മുന്നോടിയായി പന്ത്രണ്ട് ശിഷ്യന്മാർക്കായി ഒരുക്കിയ വിരുന്നാണ് അന്ത്യഅത്താഴം. ഈ വിരുന്നിനിടെ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിക്കുകയും, “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” എന്ന പുതിയ കല്പന നൽകുകയും ചെയ്തു. ഇതിന്റെ സ്മരണയ്ക്കായി ദേവാലയങ്ങളിൽ നാളെ കാലുകഴുകൽ ശുശ്രൂഷ നടക്കും. തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ മുഖ്യകാർമ്മികൻ കഴുകി ചുംബിക്കുന്നതാണ് ഈ ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

അന്ത്യഅത്താഴ വേളയിൽ യേശു അപ്പം മുറിച്ചു നൽകുകയും വീഞ്ഞ് പങ്കുവയ്ക്കുകയും ചെയ്തതിലൂടെയാണ് വിശുദ്ധ കുർബാന സ്ഥാപിതമായതെന്നാണ് ക്രൈസ്തവ വിശ്വാസം. കുർബാന മധ്യേ പുരോഹിതൻ അപ്പം മുറിക്കുന്നത് ഈ പാവന സ്മരണയിലാണ്. പെസഹ വ്യാഴത്തോടെ വിശുദ്ധ വാരത്തിലെ ആചരണങ്ങൾ കൂടുതൽ തീവ്രമാകും.

വീടുകളിൽ വൈകിട്ടോ രാത്രിയോ ആണ് പെസഹ അപ്പം മുറിക്കൽ ശുശ്രൂഷ നടക്കുക. കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തി അപ്പം മുറിച്ച് മറ്റ് അംഗങ്ങൾക്ക് നൽകുന്നു. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞും എന്ന രൂപത്തിൽ നൽകുന്ന ചടങ്ങിന്റെ തുടർച്ചയാണിത്. ത്യാഗത്തിന്റെയും വിനയത്തിന്റെയും സന്ദേശം വിളിച്ചോതുന്ന പെസഹ ആചരണത്തിനായി നാളെ വിശ്വാസികൾ ദേവാലയങ്ങളിലേക്ക് ഒഴുകും.

നാളെ പുലർച്ചെ മുതൽ ദേവാലയങ്ങളിൽ പ്രത്യേക ആരാധനകളും സ്തുതിപ്പുകളും ആരംഭിക്കും. പെസഹ വ്യാഴത്തിന് പിന്നാലെ ദുഃഖവെള്ളിയാഴ്ചയും തുടർന്ന് ഈസ്റ്ററും ആചരിക്കുന്നതോടെ വിശുദ്ധ വാരത്തിന് സമാപ്തിയാകും.

Leave a Comment

Your email address will not be published. Required fields are marked *