nctv news pudukkad

പാട്ടിലൂടെ വോട്ട് ചോദിച്ച് കളക്ടർ; തൃശൂരിൽ തരംഗമായി ശിഖ സുരേന്ദ്രന്റെ ‘സ്വീപ് സോങ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ വേറിട്ട വഴിയുമായി തൃശൂർ ജില്ലാ ഭരണകൂടം. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തന്നെ ആലപിച്ച ‘സ്വീപ് സോങ്’മ്യൂസിക് വീഡിയോ ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുകയാണ്.

തൃശൂരിന്റെ പൈതൃകവും തനിമയും വിളിച്ചോതുന്ന ഗാനത്തിലൂടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം ആർ. മനോജ് എന്നിവർ ചേർന്നാണ് വീഡിയോ പ്രകാശനം ചെയ്തത്. തൃശൂരിലെ പൊതുജനങ്ങളെ വോട്ട് ചെയ്യാൻ ക്ഷണിക്കുന്ന വരികൾ തയ്യാറാക്കിയത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ. വേലായുധനാണ്. ചെറുതുരുത്തി കഥകളി സ്കൂളിലെ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ഗാനത്തിന്റെ ചിത്രീകരണവും ചിട്ടപ്പെടുത്തലും നടന്നത്. കലാമണ്ഡലം ഗോപാലകൃഷ്ണൻ, വിനു വി. ദേവൻ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്. കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ചിട്ടുള്ള ജില്ലാ കളക്ടറുടെ ഹൃദ്യമായ ആലാപന ശൈലി സമൂഹമാധ്യമങ്ങളിലും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. വോട്ടർ ബോധവത്കരണത്തിനായി ജില്ലയിലുടനീളം സ്വീപ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സംഗീത വിരുന്ന് ഒരുക്കിയിരിക്കുന്നത്. വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെയും ജില്ലാ ഇൻഫർമേഷൻ ഓഫീസറെയും കളക്ടർ ചടങ്ങിൽ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. സ്വീപ് അസിസ്റ്റന്റ് നോഡൽ ഓഫീസർ ബിനി സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ പൊതുവിടങ്ങളിൽ ഈ ഗാനം പ്രദർശിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *