nctv news pudukkad

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി

സംസ്ഥാനത്തെ ഹോട്ടൽ-വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമായി വാണിജ്യ പാചകവാതക വിലയിൽ വൻ വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 195 രൂപ 50 പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിലെ പുതിയ വില 2000 കടന്നു. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്.

ആഗോള വിപണിയിലെ മാറ്റങ്ങൾക്കും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾക്കും പിന്നാലെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടാൻ കമ്പനികൾ തീരുമാനിച്ചത്. നേരത്തെ 1890 രൂപയായിരുന്ന സിലിണ്ടറിന് ഇനി മുതൽ 2092 രൂപ നൽകണം. പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയുണ്ടായ ഈ വിലക്കയറ്റം ഹോട്ടൽ ഉടമകളെയും ചെറുകിട വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വാണിജ്യ സിലിണ്ടറുകൾക്ക് മാർച്ചിലും വലിയ തോതിൽ വില വർദ്ധിച്ചിരുന്നു. യുദ്ധം മൂലം ഊർജ്ജ വിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് ക്ഷാമത്തിനും വിലക്കയറ്റത്തിനും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില കൂടാൻ ഈ വർദ്ധനവ് ഇടയാക്കിയേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിൽ വില വർദ്ധനയില്ലെങ്കിലും വാണിജ്യ മേഖലയിലുണ്ടായ ഈ കുതിച്ചുചാട്ടം വിപണിയെ മൊത്തത്തിൽ ബാധിക്കാനാണ് സാധ്യത. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

Leave a Comment

Your email address will not be published. Required fields are marked *