കാപ്പ നിയമപ്രകാരമുള്ള യാത്രാവിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ. കയ്പമംഗലം സ്വദേശി കിഴക്കേവളപ്പിൽ മനോജിനെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ നവംബർ മുതൽ ഒരു വർഷത്തേക്ക് ഇയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ദിവസം കയ്പമംഗലം പൊഞ്ഞനം ആറാട്ട് കടവ് ഭാഗത്ത് എത്തിയപ്പോഴാണ് പൊലീസ് സംഘം ഇയാളെ പൊക്കിയത്. അറസ്റ്റിലായ മനോജ് അത്ര നിസ്സാരക്കാരനല്ല. വധശ്രമം, സ്ത്രീകളെ ആക്രമിപ്പിക്കൽ, ലൈംഗിക അതിക്രമം, അടിപിടി, ലഹരി മരുന്ന് കേസുകൾ എന്നിങ്ങനെ ഇരുപത്തിയഞ്ചോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളും ഇതിൽപ്പെടും. കയ്പമംഗലം എസ്.എച്ച്.ഒ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐ കെ.കെ. പത്മരാജ്, ജി.എസ്.സി.പി.ഒ മാരായ ജ്യോതിഷ്, വിപിൻദാസ്, സി.പി.ഒ അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






