nctv news pudukkad

ഹാഷിഷ് ഓയിൽ കടത്ത്: പ്രതികൾക്ക് 15 വർഷം കഠിനതടവും പിഴയും

ലോറിയില്‍ ഏഴ് കിലോഗ്രാം ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് അന്ന്യാസ് തയില്‍ ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. മാള ഗുരുതിപാല സ്വദേശി കാട്ടുപറമ്പില്‍ വീട്ടില്‍ സുമേഷ്, മാള പഴൂക്കര സ്വദേശി കുന്നുമേല്‍ വീട്ടില്‍ സുജിത് ലാല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2022 ഏപ്രില്‍ 3ന് വാടാനപ്പിള്ളി ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയില്‍ അന്നത്തെ കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി ആയിരുന്ന എന്‍ എസ് സലീഷിന്റെ നേതൃത്വത്തില്‍ അന്നത്തെ വാടാനപ്പിള്ളി എസ്.ഐ വിവേക് നാരായണനും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്ന് കോടതി നിരീക്ഷിച്ചു. ചാവക്കാട് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ച് റിസല്‍ട്ട് വന്നതിന് ശേഷമാണ് കോടതി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഗിരീഷ് മോഹന്‍ കോടതിയില്‍ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *