nctv news pudukkad

കൊരട്ടി പള്ളിയിൽ വെച്ച് 27 ദിവസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ പാദസരം കവർന്ന കേസിൽ സ്ത്രീ പിടിയിൽ

കൊരട്ടി പള്ളിയില്‍ കുട്ടിയുടെ സ്വര്‍ണ്ണപാദസരം കവര്‍ന്ന കേസില്‍ ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ സ്ത്രീ പിടിയില്‍. കൊരട്ടി പള്ളിയില്‍ വെച്ച് കുട്ടിയുടെ 75,000 രൂപയോളം വിലവരുന്ന സ്വര്‍ണ പാദസരം മോഷ്ടിച്ച കേസില്‍ ഒമ്പത് മോഷണക്കേസുകളില്‍ പ്രതിയായ സ്ത്രീ തൃശ്ശൂര്‍ റൂറല്‍ ഷാഡോ പൊലീസിന്റെ പിടിയിലായി. തൃശ്ശൂര്‍ കിള്ളന്നൂര്‍ തിരൂര്‍ സ്വദേശി പല്ലന്‍ വീട്ടില്‍ സജനയെയാണ് സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് നാലരയോടെ പള്ളിയുടെ അള്‍ത്താരയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ ജീന ജെറിന്റെ 27 ദിവസം പ്രായമുള്ള മകളുടെ കാലില്‍ അണിഞ്ഞിരുന്ന സ്വര്‍ണ പാദസരമാണ് കവര്‍ന്നത്. പരാതി ലഭിച്ചയുടന്‍ തൃശ്ശൂര്‍ റൂറല്‍ ഷാഡോ പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

അറസ്റ്റിലായ സജന വടക്കാഞ്ചേരി, വിയ്യൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലായി ഒമ്പത് മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊരട്ടി പൊലീസ് സ്‌റ്റേഷന്‍ എസ്.ഐ. വിഷ്ണു രാമചന്ദ്രന്‍, ചാലക്കുടി സബ് ഡിവിഷന്‍ ക്രൈം സ്‌ക്വാഡ് അംഗം എ.എസ്.ഐ. സില്‍ജോ, തൃശ്ശൂര്‍ റൂറല്‍ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീഷ്, സി.പി.ഒ. ശ്രീജിത്ത്, കൊരട്ടി പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. ജോയ്, മതിലകം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ശ്രീവിദ്യ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *