nctv news pudukkad

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിപ്പ്; തൃശൂർ സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. തൃശൂര്‍ പൂമംഗലം സ്വദേശി സനീഷ് ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരമുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഇന്‍ഡോയുഎസ് ഐടി എഡ്യൂക്കേഷന്‍’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. പുത്തന്‍വേലിക്കര സ്വദേശിയായ പരാതിക്കാരനെയും സഹോദരിയെയും സെര്‍ബിയയിലേക്ക് വര്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2025 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് പ്രതി ആകെ എട്ട് ലക്ഷം രൂപ തട്ടിയെടുത്തത്. ഗൂഗിള്‍ പേ വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയത്. എന്നാല്‍ വിസ ശരിയാക്കി നല്‍കാതെ പ്രതി കബളിപ്പിക്കുകയായിരുന്നു.

അബുദാബിയില്‍ നിന്ന് നാട്ടിലേക്ക് കടക്കാനായി ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിയെ ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇരിങ്ങാലക്കുട ഡിവൈ എസ്പി എം.കെ. ഷാജി, ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.ഒ. പ്രദീപ്, എസ് ഐമാരായ ജാക്‌സണ്‍, ഇ.യു. സൗമ്യ, എ എസ് ഐ മാരായ മുരുകദാസ്, രാജേഷ്, സിപിഒ സി.എസ്. അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *