nctv news pudukkad

ഓശാന പാടി ക്രൈസ്തവ ലോകം; പീഡാനുഭവ സ്മരണകളുമായി വിശുദ്ധ വാരത്തിന് തുടക്കം

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മ പുതുക്കിയാണ് വിശ്വാസികൾ ഇന്ന് ഓശാന ആഘോഷിക്കുന്നത്. ഇതോടെ ക്രൈസ്തവർക്ക് ഏറെ പ്രധാനപ്പെട്ട പീഡാനുഭവ വാരത്തിന് അഥവാ വിശുദ്ധ വാരത്തിന് തുടക്കമായി.

സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുകർമ്മങ്ങളും നടക്കുകയാണ്. യേശുക്രിസ്തുവിനെ ജനങ്ങൾ രാജകീയ പദവികളോടെ ഒലിവിലകളേന്തി ജെറുസലേമിലേക്ക് വരവേറ്റതിനെ അനുസ്മരിച്ചാണ് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കുന്നത്. ഈസ്റ്റർ ഞായറിന് മുന്നോടിയായി വരുന്ന ഈ ഞായറാഴ്ചയോടെ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളിലേക്കാണ് വിശ്വാസികൾ പ്രവേശിക്കുന്നത്. ജെറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുന്നാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്. നാളെ മുതൽ ബുധൻ വരെ ദേവാലയങ്ങളിൽ പ്രത്യേക പ്രഭാത ധ്യാനങ്ങളും ബൈബിൾ സന്ദേശങ്ങളും ഉണ്ടാകും. വരും ദിവസങ്ങളിൽ പെസഹാ വ്യാഴം, ദുഃഖവെള്ളി ആചരണങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങും. ശനിയാഴ്ച രാത്രി ഉയിർപ്പ് തിരുകർമ്മങ്ങൾ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ അവസാനിക്കുന്നതോടെ ലോകമെങ്ങും ഈസ്റ്റർ ആഘോഷങ്ങളിലേക്ക് കടക്കും.

Leave a Comment

Your email address will not be published. Required fields are marked *