nctv news pudukkad

കാറളത്ത് 79 കാരിയെ കൊലപ്പെടുത്തി 16 പവൻ സ്വർം കവർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കാറളത്തെ 79 കാരിയുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം കൊലപാതകം അന്വേഷിക്കും. റേഞ്ച് ഡിഐജി നാരായണനാണ് മേല്‍നോട്ട ചുമതല.

കാറളം മൃഗാശുപത്രിയ്ക്ക് പുറകില്‍ അരുംമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി ആണ് മരണപ്പെട്ടത്. ചൊവാഴ്ച്ച ഉച്ചതിരിഞ്ഞ് ആണ് സംഭവം നടന്നത്. കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ എന്നാണ് വിവരം. കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന 16 പവന്റെ സ്വര്‍ണം നഷ്ടമായി. പട്ടാപ്പകല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സാവിത്രി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് വിജയനുമായി മകനും മരുമകളും ആശുപത്രിയില്‍ പോയതായിരുന്നു. വൈകിട്ട് നാലേകാലോട് കൂടി ചെറുമകള്‍ റിതിക വീട്ടില്‍ മടങ്ങിയെത്തിയ സമയത്താണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുന്നത്.

മോഷണത്തിനിടെ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 5 വളകള്‍, 5 പവന്റെ മാല, മോതിരങ്ങള്‍ ഉള്‍പ്പെടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. സാവിത്രി ധരിച്ചിരുന്ന സാരിത്തലപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടാകെ മുളകുപൊടി വിതറിയിട്ടുണ്ട്. വീട്ടില്‍ നിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്.

ഡോഗ് സ്‌ക്വാഡും ചൊവ്വാഴ്ച സ്ഥലത്തെത്തിയിരുന്നു. പൊലീസ് നാട്ടുകാരുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *