ഇരിങ്ങാലക്കുടയിൽ കാറിനുള്ളിൽ 57-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടൻ വീട്ടിൽ ജോസിനെയാണ് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാം മുല്ലക്കാട് അംഗൻവാടിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസും കുടുംബവും കഴിഞ്ഞ ആറുമാസമായി മുല്ലക്കാട് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതൽ കാർ ഗാന്ധിഗ്രാമിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. രാത്രി ഒമ്പത് മണിയായിട്ടും കാർ അവിടെത്തന്നെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പരിശോധന നടത്തുകയായിരുന്നു. കാർ ഉള്ളിൽ നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പൊലീസ് കാറിന്റെ ഡോർ പൊളിച്ചാണ് ജോസിനെ പുറത്തെടുത്തത്. ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയ കാറിനുള്ളിൽ നിന്നും ഒരു പിസ്റ്റൾ പൊലീസ് കണ്ടെടുത്തു. കൂടാതെ, കാറിൽ നിന്നും ഒരു ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തോക്കിന്റെ ഉറവിടത്തെക്കുറിച്ചും മരണകാരണത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






