വരന്തരപ്പിള്ളി മാട്ടുമലയിൽ ജനവാസ മേഖലയ്ക്ക് സമീപം വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗശൂന്യമായ പാറമടയ്ക്ക് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് നൂറിലധികം ചാക്കുകളിലായി ഹാൻസ് ശേഖരം തള്ളിയിരിക്കുന്നത്.
മാട്ടുമലയിലെ പാറമടയ്ക്ക് സമീപം വിറകെടുക്കാൻ എത്തിയ സ്ത്രീകളാണ് ചാക്കുകൾ പറമ്പിൽ ചിതറിക്കിടക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വരന്തരപ്പിള്ളി എസ്‌എച്ച്‌ഒ കെ.എൻ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ നീന മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രധാന റോഡിൽ നിന്നും നൂറ് മീറ്റർ മാത്രം മാറിയാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. വാഹനം ഉപയോഗിച്ച് ഇവിടെയെത്തിച്ച് ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രദേശവുമായി അടുത്ത പരിചയമുള്ളവരാകാം ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ ചാക്കുകളിൽ നിന്ന് വേർതിരിച്ച ശേഷം ശാസ്ത്രീയമായി നശിപ്പിക്കുമെന്ന് വാർഡ് മെമ്പർ ഷീബ സന്ദീപ് അറിയിച്ചു. സമീപകാലത്ത് ജില്ലയിൽ നടന്ന വലിയ തോതിലുള്ള ലഹരിവേട്ടകളിൽ ഒന്നാണിത്. ലഹരിമരുന്ന് ഇവിടെ എത്തിച്ചവരെ കണ്ടെത്താൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.






