nctv news pudukkad

വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടി; ഹോട്ടൽ ഭക്ഷണവില ഉയരാൻ സാധ്യത, കൊച്ചിയിൽ വില 3000 കടന്നു!

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ്. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഫെബ്രുവരിക്ക് ശേഷം ഇത് മൂന്നാം തവണയാണ് വില ഉയരുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുന്നതാണ് ഇന്ധന കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ചയിലെ വില വർധനവോടെ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് കൊച്ചിയിലെ പുതിയ വില. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമായി. മെട്രോ നഗരങ്ങളായ ദില്ലിയിൽ 3071.50 രൂപയായും മുംബൈയിൽ 3024 രൂപയായും വില ഉയർന്നു. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം ഹോട്ടൽ ഭക്ഷണത്തിനും മറ്റ് സേവനങ്ങൾക്കും വില കൂടാൻ കാരണമായേക്കും.

ഗ്യാസ് ബുക്കിംഗ് സംവിധാനത്തിലും വിതരണത്തിലും മെയ് 1മുതൽ പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ദുരുപയോഗം തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികൾ സംയുക്തമായാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയത്. നഗരപ്രദേശങ്ങളിൽ ഇനി 25 ദിവസത്തിലൊരിക്കൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാനാകൂ. മുമ്പ് ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്. സിലിണ്ടർ വിതരണത്തിന് ഡെലിവറി ഓതന്റിക്കേഷൻ കോഡ് നിർബന്ധമാക്കി. സിലിണ്ടർ നൽകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വിതരണക്കാരനെ അറിയിക്കണം. ഫിസിക്കൽ ബ്ലൂ ബുക്കോ രസീതോ മാത്രം ഉപയോഗിച്ച് ഇനി സിലിണ്ടർ കൈപ്പറ്റാൻ സാധിക്കില്ല.

പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലെങ്കിലും പ്രീമിയം പെട്രോളിനും വിമാന ഇന്ധനത്തിനും വില വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *