nctv news pudukkad

ഹോസ്റ്റൽ ഒരുക്കി ലഹരിയിലേക്ക് വഴിതിരിച്ചുവിടും; തൃശൂരിൽ പിടിയിലായത് വിരുതൻ; ഏജന്റിന്റെ മറവിലെ മയക്കുമരുന്ന് കച്ചവടം പുറത്ത്

തൃശൂരിൽ വിദ്യാഭ്യാസ ഏജന്റെന്ന വ്യാജേന വിദ്യാർത്ഥികൾക്കിടയിൽ രാസലഹരി വിതരണം നടത്തിവന്ന യുവാവ് പിടിയിലായി. മണലൂർ അയ്യപ്പൻകാവ് സ്വദേശി ശ്രീജിലിനെയാണ് 56 ഗ്രാം എം.ഡി.എം.എയുമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. അന്തിക്കാട് പൊലീസും പരിശോധനയിൽ പങ്കാളികളായി.

ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷനും വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്ന ഏജന്റായാണ് ശ്രീജിൽ പ്രവർത്തിച്ചിരുന്നത്. ഈ വിശ്വാസം മുതലെടുത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും ഇയാൾ ലഹരിവലയിൽ കുടുക്കുകയായിരുന്നു പതിവ്. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ രാസലഹരി എത്തിച്ച് തൃശൂർ കേന്ദ്രീകരിച്ചായിരുന്നു വിതരണം.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് അന്തിക്കാട് വെച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത 56 ഗ്രാം എം.ഡി.എം.എയ്ക്ക് വിപണിയിൽ ലക്ഷങ്ങൾ വിലവരും. അന്തിക്കാട് സ്റ്റേഷനിൽ നേരത്തെ ഒരു അടിപിടിക്കേസിലും പ്രതിയായ ശ്രീജിലിന്റെ ലഹരി ഇടപാടുകൾക്ക് അന്തർസംസ്ഥാന ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

പിടിയിലായ പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സംഘത്തിലെ കൂടുതൽ പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *