nctv news pudukkad

ചേർപ്പിലെ ക്രൂരകൃത്യം; ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ ഭാര്യയും കാമുകനും കുറ്റക്കാർ! ശിക്ഷാവിധി മാർച്ച് 13-ന്

ചേർപ്പ് പാറക്കോവിലിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ബീരുവും, രണ്ടാം പ്രതിയും മൻസൂറിന്റെ ഭാര്യയുമായ രേഷ്മ ബീവിയുമാണ് കുറ്റക്കാരെന്ന് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാവിധി മാർച്ച് 13-ന് പ്രസ്താവിക്കും. നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിനാണ് കോടതിയിൽ ഇപ്പോൾ നീതി നടപ്പാകുന്നത്.

2021 ഡിസംബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. ചേർപ്പിൽ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ ഒന്നിച്ച് ജീവിക്കാനുള്ള തടസ്സം നീക്കാനായി ഭാര്യ രേഷ്മയും കാമുകൻ ബീരുവും ചേർന്ന് വകവരുത്തുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഉറങ്ങിക്കിടന്നിരുന്ന മൻസൂറിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുപറമ്പിൽ തന്നെ കുഴിച്ചുമൂടി. തുടർന്ന് ഒന്നുമറിയാത്ത ഭാവത്തിൽ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. വിചാരണ വേളയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതിയെ ബംഗാളിൽ നിന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്.

27 സാക്ഷികളെ വിസ്തരിച്ച കേസിൽ 35 തൊണ്ടിമുതലുകളും നിർണ്ണായക രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. അന്നത്തെ ചേര്‍പ്പ് എസ്.എച്ച്.ഒ ടി.വി ഷിബു ആണ് അന്വേഷണം പൂര്‍ത്തികരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഐ ദിലീപ്, ജി.എ.എസ്.ഐ സരസപ്പന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി സുനില്‍കുമാര്‍, ലിജി മധു എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ അജീഷ് നടപടികള്‍ ഏകോപിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *