nctv news pudukkad

nctv news logo
nctv news logo

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന്‌സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു.

nctv news- pudukad news

പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിന്നുതിനായി ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. യോഗത്തിന് ശേഷം മന്ത്രിതല സംഘം സുവോളജി പാര്‍ക്ക് സന്ദര്‍ശിച്ചു. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും യോഗത്തില്‍ പങ്കെടുത്തു. മെയ് മാസത്തില്‍ത്തന്നെ സിവില്‍ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വനേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമിയില്‍ എ.ഐ, വെര്‍ച്ച്വല്‍ റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വിനോദ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ട്. മുഖ്യ ഫണ്ടിങ് ഏജന്‍സിയായ കിഫ്ബി നിര്‍മാണപുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. തുടര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും കിഫ്ബി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വനം മന്ത്രി പറഞ്ഞു. മൃഗങ്ങളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മൃഗശാല, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. മൃഗങ്ങളെ എത്തിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഓഗസ്റ്റിന് മുമ്പായി പൂര്‍ത്തിയാക്കും. പാര്‍ക്കിലേക്കുള്ള റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. റോഡരികിലുള്ള മരം മുറിക്കുന്നതും വൈദ്യുത കമ്പികളും പോസ്റ്റുകളും മാറ്റുന്നതും ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ അടുത്ത ആഴ്ച ആരംഭിക്കും. കൃത്യമായ ടൈംലൈനില്‍ ജോലികള്‍ പൂര്‍ത്തിയാക്കും. 269 കോടി രൂപയാണ് ആദ്യം നിര്‍മ്മാണത്തിനായി അനുവദിച്ചത്. പിന്നീട് പലഘട്ടങ്ങളിലായി ഇത് 333 കോടി രൂപയായി ഉയര്‍ന്നു. പാര്‍ക്കിന് ചുറ്റും നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ നല്‍കുന്നതിനും അധികതുകവേണ്ടിവരുമെന്ന സുവോളജിക്കല്‍ പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ് യോഗത്തില്‍ അറിയിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ പരിശീലനം പൂര്‍ത്തിയാക്കിയ 13 ആനിമല്‍ കീപ്പര്‍മാക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. പരിശീലനത്തിനിടെ മരണമടഞ്ഞ അമല്‍ദേവിന്റെ കുടുംബത്തിന് ധനസഹായവും കൈമാറി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി പുകഴേന്തി, സെന്‍ട്രല്‍ സര്‍ക്കിള്‍ സി.സി.എഫ് ഡോ. ആര്‍ ആടലരശന്‍, ഡി.എഫ്.ഒ രവികുമാര്‍ മീണ, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ കെ കെ സുനില്‍കുമാര്‍, ബി.എന്‍ നാഗരാജു, സി.പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ മധുസൂദന്‍ റാവു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *